ആയത്തുല്ല ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ടെഹ്റാനിൽ ജൂലൈ 4 മുതൽ വിടവാങ്ങൽ ചടങ്ങുകൾ

Jun 13, 2026 - 18:03
Jun 13, 2026 - 18:07
 0
ആയത്തുല്ല ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ടെഹ്റാനിൽ ജൂലൈ 4 മുതൽ വിടവാങ്ങൽ ചടങ്ങുകൾ

ടെഹ്റാൻ: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 4 മുതൽ ആരംഭിക്കും. ജൂലൈ 4, 5 തീയതികളിൽ രാജ്യ തലസ്ഥാനമായ ടെഹ്റാനിൽ പൊതുദർശനവും വിടവാങ്ങൽ ചടങ്ങുകളും നടക്കും. ജൂലൈ 9ന് ജന്മനാടായ മഷാദിൽ ഇമാം റെസയുടെ ശവകുടീരത്തിന് സമീപം ഖമനയിയുടെ ഭൗതികശരീരം സംസ്കരിക്കുമെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിയ ആദ്യഘട്ട ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയിക്ക് പരുക്കേറ്റിരുന്നു. അധികാരം ഏറ്റെടുത്തതിന് ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഖമനയിയുടെ മകൾ സഹ്ദ ഹദ്ദാദ് ആദിലും ഭർത്താവ് മിസ്ബാഹ് അൽ ഹുദ ബഗേരിയും ഇവരുടെ മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഖമനയി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ പങ്കെടുത്ത യോഗത്തിനിടെയാണ് ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിന് നേരെ ആക്രമണം നടന്നത്.

ഇറാൻ പ്രതിരോധമന്ത്രി അസീസ് നസീർസാദ, സൈനിക മേധാവി ജനറൽ അബ്ദുൽ റഹീം മൂസവി, ഖമനയിയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, കമാൻഡർ ജനറൽ മുഹമ്മദ് പക്‌പൂർ, 1989 മുതൽ ഖമനയിയുടെ മിലിറ്ററി ബ്യൂറോയ്ക്ക് നേതൃത്വം നൽകിയ മുഹമ്മദ് ഷിറാസി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

1981 മുതൽ എട്ടുവർഷം ഇറാൻ പ്രസിഡന്റായിരുന്ന ഖമനയി, 1979ലെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നൽകിയ ആയത്തുല്ല ഖുമൈനിയുടെ നിര്യാണത്തെ തുടർന്ന് 1989ലാണ് ഇറാന്റെ പരമോന്നത നേതാവായി അധികാരമേറ്റത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ ഭരണകാലം ഇറാന്റെ രാഷ്ട്രീയ, മത, വിദേശനയ മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow