ഗാസയില്‍ ഇസ്രയേല്‍ ആക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു

ശക്തമായ ആക്രമണത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്

Oct 29, 2025 - 10:17
Oct 29, 2025 - 10:17
 0
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു. ശക്തമായ ആക്രമണത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

ഗാസയിൽ ഇസ്രായേൽ സൈനികരെ ആക്രമിച്ചതായും മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിനുള്ള നിബന്ധനകൾ ഹമാസ് ലംഘിച്ചതായും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ആരോപിച്ചു. 

യു.എസിനെ അറിയിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അധികൃതർ വ്യക്തമാക്കി. പിന്നാലെ യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. "അവർ ഒരു ഇസ്രായേലി സൈനികനെ കൊന്നു. അതിനാൽ ഇസ്രായേലികൾ തിരിച്ചടിച്ചു. അവർ തിരിച്ചടിക്കണം," ട്രംപ് എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഈ ആക്രമണം വെടിനിർത്തലിനെ അപകടത്തിലാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെക്കൻ ഗാസയിലെ റഫാ മേഖലയിലടക്കം ഇസ്രായേൽ സൈനികർക്ക് നേരെ ആക്രമണം നടന്നെന്ന് ആരോപിച്ചായിരുന്നു വ്യോമാക്രമണം. എന്നാൽ, ഹമാസ് ഈ ആരോപണം നിഷേധിക്കുകയും ഇസ്രായേലിൻ്റെ ആക്രമണം വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്ന് പറയുകയും ചെയ്തു.

ഡോണള്‍ഡ് ട്രംപിൻ്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന ഗാസാ സമാധാന പദ്ധതിയുടെ ഭാവി തുലാസിലാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ഹമാസ് 13 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളാണ് വിട്ടുനൽകാനുള്ളത്. ഹമാസ് കരാർ ലംഘിച്ചെന്നാരോപിച്ച് ഒക്ടോബർ 19-ന് ഇസ്രായേൽ നടത്തിയ മുൻ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെടുകയും, മധ്യസ്ഥരും ട്രംപും ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow