ഭക്ഷണം കഴിച്ച് കൈകഴുകി മുങ്ങി, അതിസാഹസികമായി പിടികൂടി ഹോട്ടലുടമ
10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷമാണ് ഇവർ പണം നൽകാതെ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞത്
അഹമ്മദാബാദ്: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബിൽ കൊടുക്കാതെ മുങ്ങിയ യുവതിയും സംഘവും അറസ്റ്റിലായതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാജസ്ഥാനിലെ മൗണ്ട് അബുവിലുള്ള ഹോട്ടലിലാണ് സംഭവം. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷമാണ് ഇവർ പണം നൽകാതെ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞത്.
അവധി ആഘോഷിക്കാൻ ഇറങ്ങിയതായിരുന്നു സംഘം. ഹോട്ടലിലെ ശുചിമുറിയിലേക്ക് കയറിയ ശേഷം തിരികെയെത്തിയ ഇവർ, ഓരോരുത്തരായി കാറിൽ കയറി ഇരുന്നതിന് ശേഷം അവിടെനിന്ന് അതിവേഗം പോകുകയായിരുന്നു.
പണം നൽകാതെ മുങ്ങിയെന്ന് മനസിലാക്കിയ ഉടൻ ഹോട്ടലുടമയും ജീവനക്കാരനും സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇവരെ പിന്തുടർന്നു. ഗുജറാത്ത് അതിർത്തിക്ക് സമീപം വെച്ച് യുവാക്കളുടെ കാർ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതോടെയാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്. ഹോട്ടലുടമ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി യുവതിയടക്കം അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.
ബില്ലടയ്ക്കാൻ കയ്യിൽ പണമില്ലായിരുന്നുവെന്നും, സുഹൃത്തിനെ വിളിച്ച് പണം ട്രാൻസ്ഫർ ചെയ്യാമെന്ന് ഇവർ അറിയിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
What's Your Reaction?

