നാഷണൽ ഹെറാൾഡ് കേസ്; 661 കോടിയുടെ ആസ്തികൾ  ഏറ്റെടുക്കാൻ നടപടി തുടങ്ങി

Apr 12, 2025 - 20:30
Apr 12, 2025 - 20:30
 0  13
നാഷണൽ ഹെറാൾഡ് കേസ്; 661 കോടിയുടെ ആസ്തികൾ  ഏറ്റെടുക്കാൻ നടപടി തുടങ്ങി

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കണ്ടുകെട്ടിയ 661 കോടിയുടെ ആസ്തികൾ ഏറ്റെടുക്കാൻ നടപടി ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള അസോസിയേറ്റ് ജേണൽസ് ലിമിറ്റഡിന്റെ(എജെഎൽ) ആസ്തികൾ ഏറ്റെടുക്കാനായി ഇഡി നോട്ടീസ് അയച്ചു. ഡൽഹിയിലെ ഹെറാൾഡ് ഹൗസ് ഉൾപ്പെടെ, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ ആസ്തികൾ ഏറ്റെടുക്കാനാണ് നടപടി. കെട്ടിടം ഒഴിപ്പിക്കുകയോ വാടക തങ്ങള്‍ക്ക് കൈമാറുകയോ ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടു. 

നാഷണൽ ഹെറാൾഡിന്റെ മാതൃസ്ഥാപനമായ യങ് ഇന്ത്യയെ സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള എജെഎൽ ഏറ്റെടുത്തപ്പോൾ ആസ്തി കൈമാറ്റത്തിൽ ഉൾപ്പെടെ അഴിമതി നടന്നെന്നാണ് ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എജെഎല്ലിന്റെ ഉടമസ്ഥതയിലുള്ള 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ കയ്യടക്കുന്നതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നും ആരോപണമുണ്ട്.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും, യങ് ഇന്ത്യൻ എന്ന സ്വകാര്യ കമ്പനിയും ക്രിമിനൽ ഗൂഢാലോചന നടത്തിയതായി പരാതിയിൽ ആരോപിക്കുന്നു.

ഇഡി നടത്തിയ അന്വേഷണത്തിൽ 988 കോടി രൂപയുടെ തിരിമറി കണ്ടെത്തിയതിനെ തുടർന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന എജെഎല്ലിന്റെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളും എജെഎല്ലിന്റെ 90.2 കോടി വിലമതിക്കുന്ന ഓഹരികളും താല്കാലിക അറ്റാച്ച്‌മെന്റ് ഉത്തരവ് (പിഎഒ) പുറപ്പെടുവിച്ചുകൊണ്ട് 2023 നവംബറില്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow