മോശം കാലാവസ്ഥ: ഡൽഹി വിമാനത്താവളത്തിൽ വൈകിയത് 350ലേറെ സർവീസുകൾ
മണിക്കൂറുകളോളമാണ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത്.

ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വൈകിയത് 350ലേറെ സർവീസുകൾ. പൊടിക്കാറ്റിനെ തുടർന്ന് ഇന്നലെ വിമാനങ്ങൾ വൈകിയത് ഇന്നും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. മണിക്കൂറുകളോളമാണ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത്.
എയർലൈൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം സമീപനമാണ് ഉണ്ടായതെന്ന് ആരോപിച്ച് യാത്രക്കാരിൽ ചിലർ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചു. ബസ് സ്റ്റാൻഡിനേക്കാൾ മോശമാണ് വിമാനത്താവളത്തിന്റെ അവസ്ഥയെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തെയും എയർ ഇന്ത്യയെയും ടാഗ് ചെയ്ത് ഒരു യാത്രക്കാരൻ എക്സിൽ കുറിച്ചു.
യാത്രക്കാരോട് കന്നുകാലികളേക്കാള്‍ മോശമായാണ് പെരുമാറുന്നതെന്ന് വിമർശനം ഉയര്‍ന്നു. എല്ലാ യാത്രക്കാരെയും സഹായിക്കാൻ ഞങ്ങളുടെ ജീവനക്കാർ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ വിശദീകരണം നൽകി.
What's Your Reaction?






