ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജനായ ന്യൂയോര്‍ക്ക് സിറ്റിയുടെ നിയുക്ത മേയർ സൊഹ്റാന്‍ മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മംദാനി നന്നായി പ്രവര്‍ത്തിക്കുന്തോറും താന്‍ സന്തോഷവാനാണെന്ന് ട്രംപ് വ്യക്തമാക്കി. മംദാനി മേയർ ആയിരിക്കുമ്പോൾ ന്യൂയോർക്കിൽ താമസിക്കാൻ സന്തോഷമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മംദാനിയും താനും ന്യൂയോർക്ക് നഗരം മികച്ചതായി മാറണമെന്ന് ആഗ്രഹിക്കുന്നുവെന്നും പല കാര്യങ്ങളിലും തങ്ങൾ യോജിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ന്യൂയോർക്ക് നഗരം നേരിടുന്ന പ്രശ്നങ്ങളിൽ ട്രംപുമായി സഹകരിക്കുമെന്ന് മംദാനിയും പ്രതികരിച്ചു. ന്യൂയോർക്കിലെ ജീവിതചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ട്രംപുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മംദാനി വ്യക്തമാക്കി. മംദാനിയുടെ വിജയത്തെയും ട്രംപ് പ്രശംസിച്ചു. ഓവൽ ഓഫീസിൽ വെച്ചുള്ള ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.