യുഎസിൽ വിസ റദ്ദാക്കപ്പെട്ട വിദ്യാർഥികളിൽ പാതിയും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

Apr 22, 2025 - 20:52
Apr 22, 2025 - 20:55
 0  13
യുഎസിൽ വിസ റദ്ദാക്കപ്പെട്ട വിദ്യാർഥികളിൽ പാതിയും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: രണ്ടാം ഡൊണാൾഡ് ട്രംപ് സർക്കാർ വിസ റദ്ദാക്കിയ 327 വിദേശവിദ്യാർഥികളിൽ പാതിപ്പേരും ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. യുഎസിലെ കുടിയേറ്റക്കാർക്കുള്ള അഭിഭാഷകസംഘനയായ അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റേതാണ്(എഐഎൽഎ) വെളിപ്പെടുത്തൽ.

സ്റ്റുഡന്റ്‌സ് ആൻഡ് എക്സ്‌ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സംവിധാനത്തിൽ (സെവിസ്) വിദ്യാർഥിവിസാപദവി റദ്ദാക്കപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചാണ് കണക്കുണ്ടാക്കിയത്. 14 ശതമാനം പേർ ചൈനയിൽനിന്നുള്ളവരാണ്. ബാക്കിയുള്ള വിദ്യാർഥികൾ ദക്ഷിണകൊറിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും. നിയമവിരുദ്ധകുടിയേറ്റം തടയാനുള്ള നടപടി എന്നാരോപിച്ചാണ് നീക്കമെങ്കിലും കാരണം കാണിക്കാതെയാണ് പലരുടെയും വിസ റദ്ദാക്കിയത്.

ഏകപക്ഷീയമായി വിസകൾ റദ്ദാക്കപ്പെടുന്നതിലും സെവിസിൽനിന്ന് വിദ്യാർഥികളുടെ വിസാ സ്റ്റാറ്റസ് നീക്കംചെയ്യുന്നതിലും കൂടുതൽ സുതാര്യതയും മേൽനോട്ടവും ഉത്തരവാദിത്ത്വവും ആവശ്യമാണെന്ന് എഐഎൽഎ പറഞ്ഞു. സർവകലാശാലകളെ ഇടപെടീക്കാതെയും തൊഴിലിലോ പഠനത്തിലോ വിടവുണ്ടാക്കാതെയും വിസ റദ്ദാക്കലിനെതിരേ അപ്പീൽ നൽകാനുള്ള അവസരമാണ് വിദേശവിദ്യാർഥികൾക്ക് അന്തിമമായി വേണ്ടതെന്നും സംഘടന പറഞ്ഞു.

തങ്ങളെ നാടുകടത്തരുതെന്നാവശ്യപ്പെട്ട് ഇതിനോടകം വിദേശവിദ്യാർഥികളും അവകാശസംഘടനകളും വിവിധ ഫെഡറൽ കോടതികളെ സമീപിച്ചിട്ടുണ്ട്. മസാച്യുസെറ്റ്‌സ്, മൊണ്ടാന, പെൻസിൽവേനിയ, വിസ്‌കോൺസിൻ, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളിലെ ജഡ്ജിമാർ ചൊവ്വാഴ്ച വിദ്യാർഥികളെ നാടുകടത്താനുള്ള നീക്കം തടയാനുള്ള അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

2021 മുതൽ എഫ്-1 വിസയിൽ യുഎസിൽ പഠിക്കുന്ന കംപ്യൂട്ടർ എൻജിനിയറിങ് വിദ്യാർഥി കൃഷ് ലാൽ ഇസെർദസാനിയെ നാടുകടത്താനുള്ള ട്രംപ് സർക്കാരിന്റെ നടപടിയും കോടതി തടഞ്ഞിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow