ഇറാൻ റവല്യൂഷണറി ഗാർഡ് വക്താവ് കൊല്ലപ്പെട്ടു; യുഎസ് – ഇസ്രയേൽ ആക്രമണത്തിൽ മരണം
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്
ടെഹ്‌റാൻ: ഇറാൻ റവല്യൂഷണറി ഗാർഡ്സ് കോർപ്‌സിന്റെ (IRGC) വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ഇറാനിലുണ്ടായ യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തിലാണ് നൈനി കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ രൂക്ഷമായ ഭാഷയിൽ നൈനി പ്രതികരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും ബാലിസ്റ്റിക് മിസൈൽ നിർമ്മാണ ശേഷിയും തകർത്തുവെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അവകാശവാദത്തെ നൈനി പരിഹസിച്ചിരുന്നു. ഇറാന്റെ മിസൈൽ വ്യവസായം എക്കാലത്തെയും മികച്ച നിലയിലാണെന്നും യുദ്ധം അതിനെ ബാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രസ്താവന. വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം ആരംഭിച്ച ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലാണ് നൈനി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായത്.
ഐആർജിസി വക്താവിന്റെ മരണം ഇറാന് വലിയ തിരിച്ചടിയാണ്. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു. അലി മുഹമ്മദ് നൈനിയുടെ വധത്തോടെ മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ വക്താവിന്റെ മരണവാർത്ത പുറത്തുവിട്ടിട്ടുണ്ട്.
What's Your Reaction?