കൊച്ചി: യുവമോർച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കൊച്ചിയിൽ പങ്കാളിയെ ക്രൂരമായി മർദിച്ച സംഭവത്തിലാണ് നടപടി. സജീവ ബിജെപി പ്രവർത്തനായിരുന്ന ഗോപുവിനെതിരെ ബിജെപിയുടെ കോൾ സെൻ്റർ ജീവനക്കാരിയും നേരത്തെ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പരാതി നല്‍കിയതോടെ കാള്‍ സെന്ററിലെ ജോലി നഷ്ടപ്പെട്ടെന്നും യുവതി ആരോപിച്ചു.
ഇതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഗോപുവിനെ പുറത്താക്കിയതായി എറണാകുളം ജില്ലാ പ്രസിഡന്‍റ് അറിയിച്ചത്. യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് ഗോപു. നിലവില്‍ ഗോപു പരമശിവന്‍ കസ്റ്റഡിയിലാണ്.
മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചായിരുന്നു ഗോപു പരമശിവന്‍ പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായാണ് യുവതി മരട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. അതിക്രൂരമായ രീതിയിലാണ് പെൺകുട്ടിയെ മർദിച്ചിരിക്കുന്നത്. ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങിയത് ജീവൻ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞു.