അമേരിക്കൻ മുൻ വൈസ് പ്രസിഡന്‍റ് ഡിക് ചെനി അന്തരിച്ചു
2001 മുതൽ 2009 വരെ ജോർജ്ജ് ഡബ്ല്യു. ബുഷ് അമേരിക്കൻ പ്രസിഡൻ്റായിരുന്ന കാലയളവിലാണ് ഡിക് ചെനി യു.എസ്. വൈസ് പ്രസിഡൻ്റ് പദവി വഹിച്ചത്
വാഷിങ്ടൺ: അമേരിക്കൻ മുൻ വൈസ് പ്രസിഡൻ്റ് ഡിക് ചെനി (Dick Cheney) അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യൂമോണിയ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. 2001 മുതൽ 2009 വരെ ജോർജ്ജ് ഡബ്ല്യു. ബുഷ് അമേരിക്കൻ പ്രസിഡൻ്റായിരുന്ന കാലയളവിലാണ് ഡിക് ചെനി യു.എസ്. വൈസ് പ്രസിഡൻ്റ് പദവി വഹിച്ചത്.
ജോർജ്ജ് എച്ച്. ഡബ്ല്യു. ബുഷ് പ്രസിഡൻ്റായിരുന്ന കാലത്ത് അദ്ദേഹം പ്രതിരോധ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കൻ വിദേശനയത്തിലും യുദ്ധതന്ത്രങ്ങളിലും ഡിക് ചെനി ചെലുത്തിയ സ്വാധീനം ശ്രദ്ധേയമായിരുന്നു.
അമേരിക്കയുടെ ഇറാഖ് ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരൻ എന്ന നിലയിലാണ് ഡിക് ചെനി അറിയപ്പെട്ടിരുന്നത്. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന അമേരിക്കൻ നയത്തിനു പിന്നിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ഡിക് ചെനിയാണ്.
2003-ലെ ഇറാഖ് അധിനിവേശ കാലത്ത് പ്രസിഡൻ്റ് ജോർജ്ജ് ബുഷിന് അദ്ദേഹം ശക്തമായ പിന്തുണ നൽകി. ഇറാഖിൽ മാരകായുധങ്ങൾ നിർമ്മിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. എന്നാൽ, പരിശോധനയിൽ നശീകരണ ആയുധങ്ങൾ കണ്ടെത്താനായിരുന്നില്ല.
What's Your Reaction?

