ജെറുസലേം: ഇസ്രയേൽ–ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്നും ഹമാസ് അറിയിച്ചു.
കൂടാതെ മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ നിരായൂധീകരണത്തെ കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ഗാസയുടെ ഭരണം ‘സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ’ പലസ്തീൻ സമിതിക്ക് കൈമാറാൻ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. ഗാസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും ഗാസയിൽ സമാധാനം കൊണ്ടു വരുവാൻ ഹമാസ് തയ്യാറായി കഴിഞ്ഞുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി.