സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവരുടെ അന്ത്യം

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട സ്വദേശിനിയായ കളർനിൽക്കുന്നതിൽ കൃഷ്ണമ്മ (65) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവരുടെ അന്ത്യം.
കഴിഞ്ഞ മാസം (സെപ്റ്റംബർ) നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവുനായ കടിച്ചത്. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു. കൃഷ്ണമ്മയെ കടിച്ചത് പേപ്പട്ടിയായിരുന്നുവെന്ന് സ്ഥിരീകരിച്ച്, പിന്നീട് ഈ നായയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു.
സംസ്ഥാനത്ത് പേ വിഷബാധ മൂലമുള്ള മരണങ്ങൾ വർധിക്കുന്നതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നതിനിടെയാണ് ഈ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ജൂലൈ വരെ ഏഴ് മാസത്തിനുള്ളിൽ കേരളത്തിൽ 23 പേർ പേവിഷബാധ മൂലം മരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പോയ വർഷത്തേക്കാൾ വലിയ വർധനവാണ് പേവിഷബാധ മൂലമുള്ള മരണങ്ങളിൽ ഉണ്ടായിരിക്കുന്നതെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കൃത്യമായി വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് മരണം സംഭവിക്കുന്നത് പൊതുജനാരോഗ്യരംഗത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
What's Your Reaction?






