ടിബറ്റ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയ്ക്ക് ഇന്ന് തൊണ്ണൂറാം ജന്മദിനം. ഹിമാചൽപ്രദേശിലെ ധരംശാലയിൽ മാക്ലിയോഡ് ഗഞ്ചിലാണ് ജന്മദിനാഘോഷം നടക്കുന്നത്.കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും, രാജീവ് രഞ്ജൻ സിംഗും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
മാക്ലിയോഡ് ഗഞ്ചിലെ തഗ്ചെൻ ചോലിംഗ് ബുദ്ധ ക്ഷേത്രത്തിൽ പിറന്നാളിന്റെ ഭാഗമായി പ്രത്യേക ആഘോഷങ്ങൾ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദലൈ ലാമക്ക് ജന്മദിനാശംസകൾ നേർന്നു.
ഇന്നലെ വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിൽ 130 വയസ് വരെ താൻ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ദലൈ ലാമ പറഞ്ഞിരുന്നു. വടക്കു കിഴക്കന്‍ ടിബറ്റിലെ ആംഡോ പ്രവിശ്യയിൽ ദരിദ്ര കർഷകകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
പതിനാലാമത് ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ. മുഴുവൻ പേര് ജെറ്റ്സൻ ജാംഫെൽ ങവാങ് ലൊബ്സാങ് യെഷി ടെൻസിൻ ഗ്യാറ്റ്സോ. ഇരുപത്തിനാലാം വയസ്സിൽ സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയ്യുകയും ഇന്നും അഭയാർത്ഥിയായി ഇന്ത്യയിൽ കഴിയുകയും ചെയ്യുകയാണ് ഇദ്ദേഹം.