ഇടുക്കിയിൽ രാത്രി കനത്ത മഴ; മൺകൂനയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു; മുല്ലപ്പെരിയാർ ജലനിരപ്പ് കുതിച്ചുയരുന്നു
കുമളിയിലും പരിസരപ്രദേശങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി

കുമളി: ഇടുക്കി ജില്ലയിൽ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് വ്യാപകമായ നാശനഷ്ടവും അപകടവും റിപ്പോർട്ട് ചെയ്തു. റോഡിലേക്ക് വീണ മൺകൂനയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു. വെള്ളാരംകുന്ന് പറപ്പള്ളിൽ വീട്ടിൽ പി.എം. തോമസ് (തങ്കച്ചൻ–66) ആണ് മരിച്ചത്. മത്തൻകട ഭാഗത്ത് രാത്രിയിൽ കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കനത്ത മഴയിൽ റോഡിൽ മണ്ണും കല്ലും വന്നടിഞ്ഞത് കാണാതെ സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.
കുമളിയിലും പരിസരപ്രദേശങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി. മൂന്നാർ–കുമളി റോഡിൽ പുറ്റടിക്ക് സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, കൂട്ടാർ, മുണ്ടിയെരുമ, തൂവൽ എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. കൂട്ടാർ, നെടുങ്കണ്ടം, തൂവൽ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന ഒരു വാൻ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.
ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ജലനിരപ്പ് 5.75 അടിയാണ് ഉയർന്നത്. അണക്കെട്ടിൽ നിലവിൽ 138.90 അടി വെള്ളമുണ്ട്. നിലവിൽ ഡാമിലേക്ക് 8705 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതിൽ 1400 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
What's Your Reaction?






