തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവം; ആര്‍സിബിക്കും കെസിഎയ്ക്കുമെതിരെ കേസെടുത്തു

മജിസ്ട്രേട്ട് തല അന്വേഷണത്തിനു പുറമേ പ്രത്യേക പോലീസ് സംഘത്തെ അന്വേഷണത്തിനു നിയോഗിക്കും

Jun 5, 2025 - 21:37
Jun 5, 2025 - 21:37
 0  11
തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവം; ആര്‍സിബിക്കും കെസിഎയ്ക്കുമെതിരെ കേസെടുത്തു

ബെംഗളൂരു: ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനും (ആർസിബി) കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘാടകർക്ക് വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മജിസ്ട്രേട്ട് തല അന്വേഷണത്തിനു പുറമേ പ്രത്യേക പോലീസ് സംഘത്തെ അന്വേഷണത്തിനു നിയോഗിക്കും.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ജില്ലാ മജിസ്ട്രേട്ട് ജി. ജഗദീഷ, കർണാടക ക്രിക്കറ്റ് അസോസിയേഷനും ബെംഗളൂരു മെട്രോയ്ക്കും ആർസിബി ഫ്രാഞ്ചൈസിക്കും നോട്ടിസ് അയയ്ക്കുമെന്ന് വ്യക്തമാക്കി. അപകടമുണ്ടായ ചിന്നസ്വാമി സ്റ്റേഡിയം അദ്ദേഹം സന്ദർശിച്ചു. 15 ദിവസത്തിനകം സർക്കാരിന് റിപ്പോർട്ടു നൽകും. സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും മറ്റു ദൃശ്യങ്ങളും ശേഖരിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പരുക്കേറ്റവരുടെയും മൊഴിയെടുക്കും. പൊതുജനങ്ങൾക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കും ജൂൺ 13ന് രാവിലെ 10.30നും 1.30 ഇടയിൽ മൊഴി നൽകാം. 

What's Your Reaction?

like

dislike

love

funny

angry

sad

wow