ശബരിമല സ്വർണക്കവർച്ച കേസ് വിവാദം; പ്രത്യേക പ്ലീഡർ സ്ഥാനത്ത് നിന്ന് കെ ബി പ്രദീപ് രാജിവെച്ചു
തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക ഗവൺമെന്റ് പ്ലീഡറായി നിയമിതനായ കെ ബി പ്രദീപ് രാജിവെച്ചു. സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതിനെ ചൊല്ലി കടുത്ത വിവാദം ഉയർന്ന പശ്ചാത്തലത്തിലാണ് രാജി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കെ ബി പ്രദീപ് രാജിവെച്ചതെന്നാണ് വിവരം.
ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകനെയാണ് ദേവസ്വം വകുപ്പിന്റെ പ്രത്യേക പ്ലീഡറായി നിയമിച്ചതെന്നത് താൽപര്യവൈരുദ്ധ്യമാണെന്ന വിമർശനം ശക്തമായിരുന്നു. അന്വേഷണ വിവരങ്ങളും നിർണായക രേഖകളും പ്രതികൾക്ക് ചോരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ആശങ്ക രേഖപ്പെടുത്തിയിരുന്നു.
സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമുണ്ടായിരുന്ന ദേവസ്വം വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് കെ ബി പ്രദീപിനെ നിയമിച്ചത്. ഈ നീക്കം സംശയാസ്പദമാണെന്നും, ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട എസ്ഐടി രേഖകളിലേക്ക് പ്രദീപിന് തടസ്സമില്ലാതെ പ്രവേശനം ലഭിക്കുമെന്ന ആശങ്ക നിലനിന്നിരുന്നുവെന്നും വിമർശകർ ആരോപിച്ചു.
What's Your Reaction?



