കെഎസ്ആർടിസിയിൽ നിന്ന് പുറത്തായി, ഇനി നിയമസഭാ ഡ്രൈവർ; എൽ.എച്ച്. യദുവിന് പുതിയ അവസരം

Jun 13, 2026 - 16:49
Jun 13, 2026 - 16:49
 0
കെഎസ്ആർടിസിയിൽ നിന്ന് പുറത്തായി, ഇനി നിയമസഭാ ഡ്രൈവർ; എൽ.എച്ച്. യദുവിന് പുതിയ അവസരം

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ റോഡ് തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർ ജോലി നഷ്ടമായ എൽ.എച്ച്. യദുവിന് കേരള നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം ലഭിച്ചു. യദുവിന് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.

2024 ഏപ്രിൽ 28ന് തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലായിരുന്നു വിവാദത്തിന് തുടക്കം. ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും ബന്ധുക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിന് മുന്നിൽ കുറുകെയിട്ട് തടഞ്ഞുവെന്നാണ് ആരോപണം. വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് വാക്കുതർക്കം ഉണ്ടായത്.

തുടർന്ന്, ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്ക് ലൈംഗിക ചേഷ്ട കാട്ടിയെന്ന ആര്യ രാജേന്ദ്രന്റെ പരാതിയിൽ യദുവിനെതിരെ പൊലീസ് കേസെടുത്തു. അതേസമയം, മേയർ സഞ്ചരിച്ച കാർ ബസിന് സൈഡ് നൽകാതെ വേഗം കുറച്ച് മുന്നിൽ സഞ്ചരിച്ചുവെന്നും പിന്നീട് സിഗ്നലിൽ ബസിന് മുന്നിൽ കാർ കുറുകെയിട്ടുവെന്നും യദു പൊലീസിന് മൊഴി നൽകിയിരുന്നു.

ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും യാത്രക്കാരെ വഴിയിൽ ഇറക്കിവിടേണ്ട സാഹചര്യം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി യദുവും പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആദ്യം കേസെടുത്തില്ല. പിന്നീട് വിവാദം ശക്തമായതോടെയാണ് കേസെടുത്തത്. പിന്നീട് കോടതിയിൽ മേയറുടെ പരാതിക്ക് അനുകൂലമായ കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്.

അതേസമയം, കെഎസ്ആർടിസി ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിൽ യദുവിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. 30 പേരുള്ള പട്ടികയിൽ 15 പേർക്ക് ഇതിനകം നിയമനം ലഭിച്ചിട്ടുണ്ടെന്നും തനിക്കും ഉടൻ സ്ഥിരനിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും യദു പ്രതികരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow