കോമഡിയും ആക്ഷനും നിറഞ്ഞ റിവഞ്ച് ത്രില്ലർ; 'ഇല്ലിക്കൽ റിവഞ്ച്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
കോമഡിയും ആക്ഷനും ത്രില്ലും ഒത്തുചേരുന്ന പുതിയ ചിത്രമായ ഇല്ലിക്കൽ റിവഞ്ച് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എ ടി സിനിമാസിന്റെ ബാനറിൽ ഗോകുലം തുളസീധരൻ നിർമ്മിച്ച്, സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സുൽത്താൻബത്തേരി താളൂരിലെ അൾട്ടി ബോസ് സ്റ്റുഡിയോയിൽ പ്രകാശനം ചെയ്തു.
കോളേജ് പശ്ചാത്തലത്തിൽ വിരിയുന്ന പ്രണയവും അതിനെ തുടർന്ന് ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും ചേർത്ത് കോമഡിയും ആക്ഷനും സമന്വയിപ്പിച്ച ഒരു റിവഞ്ച് ത്രില്ലറായാണ് ഇല്ലിക്കൽ റിവഞ്ച് ഒരുക്കുന്നത്. വ്യത്യസ്തമായ കഥാപശ്ചാത്തലവും പ്രേക്ഷകരെ ആകർഷിക്കുന്ന അവതരണശൈലിയും ചിത്രത്തിന്റെ പ്രധാന സവിശേഷതകളാണ്.
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ പുതുമുഖങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നു. വയനാട്, ഊട്ടി, മൈസൂർ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
ചിത്രത്തിന്റെ എഡിറ്റിംഗും ഛായാഗ്രഹണവും വിവേക് വിൻസന്റ് നിർവഹിക്കുന്നു. സംഗീതം ഗോപൻ സാഗരിയും ഗാനരചന രാജേഷ് അറപ്പുര, വിനോദ്, അജിത് ഊരൂട്ടമ്പലം എന്നിവരും നിർവഹിക്കുന്നു. മധു പി നായർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും അനീഷ് ചീരാൽ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. കലാരംഗം രാകേഷ് ചെറുവടിയും, ചമയം സ്റ്റെഫി രൂപേഷും, ഡിസൈൻസ് അനിൽ ചുണ്ടേലും കൈകാര്യം ചെയ്യുന്നു. പി.ആർ.ഒ അജയ് തുണ്ടത്തിലുമാണ്.
What's Your Reaction?

