സൂചി കുടുങ്ങിയത് കോഴഞ്ചേരി ആശുപത്രിയിലല്ല'; തെളിവില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയെന്ന വിവാദത്തിൽ ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. വത്സല എന്ന രോഗിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയത് കോഴഞ്ചേരി ആശുപത്രിയിൽ വെച്ചാണെന്നതിന് കൃത്യമായ രേഖകളോ തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. പരാതി ഉയർന്ന ദിവസങ്ങളിൽ രോഗിക്ക് പേശിയിൽ ഇഞ്ചക്ഷൻ നൽകിയിട്ടില്ലെന്നും ഞരമ്പിലൂടെയാണ് മരുന്ന് നൽകിയതെന്നും ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു.
എന്നാൽ, കേസ് കൈകാര്യം ചെയ്യുന്നതിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശരീരത്തിൽ പകുതി ഒടിഞ്ഞ സൂചിയുമായിട്ടാണ് വത്സലയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചത്. ഇത്രയും വലിയൊരു സംഭവം നടന്നിട്ടും ആശുപത്രിയിലെ ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെക്കുറിച്ച് പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
What's Your Reaction?

