നടന്മാര്‍ക്ക് തുറന്ന കത്തുമായി സമരം തുടരുന്ന ആശമാര്‍
അതിദരിദ്ര വിമുക്ത പ്രഖ്യാപനം എന്നത് സർക്കാരിന്റെ വലിയ നുണയാണ്
തിരുവനന്തപുരം: നടന്മാര്‍ക്ക് തുറന്ന കത്തുമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ആശമാര്‍. നടന്മാരായ മോഹൻലാൽ മമ്മൂട്ടി കമൽഹാസൻ എന്നിവർക്കാണ് കത്ത് നൽകിയിരിക്കുന്നത്.
നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ ഇവര്‍ ക്ഷണിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ആശാ പ്രവര്‍ത്തകരുടെ കത്ത്. സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപോരാളികളെ വന്ന് കാണണമെന്നും മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തില്‍ പറയുന്നു.
അതിദരിദ്ര വിമുക്ത പ്രഖ്യാപനം എന്നത് സർക്കാരിന്റെ വലിയ നുണയാണെന്നും, തങ്ങളുടെ ആവശ്യങ്ങൾ എട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പരിഗണിച്ചില്ലെന്നും ഇവർ പറയുന്നു. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്‍റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ചടങ്ങിൽ നിന്ന് താരങ്ങൾ വിട്ടുനില്‍ക്കണമെന്നും ആശാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
233 രൂപ ദിവസ വേതനം വാങ്ങുന്ന 26,125 ആശമാര്‍ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ലെന്ന് നടന്മാര്‍ക്ക് എഴുതിയ കത്തില്‍ ആശമാര്‍ പറയുന്നു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി കെ സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.
What's Your Reaction?

