തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ‍്യം ചെയ്യാനൊരുങ്ങുകയാണ് പ്രത‍്യേക അന്വേഷണ സംഘം.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റി തന്നെ വന്ന് കണ്ടിട്ടുണ്ടെന്ന് അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2019ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്താണ് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ആദ്യമായി വന്ന് കണ്ടതെന്നാണ് അടൂർ പ്രകാശ് വ്യക്തമാക്കിയിരിക്കുന്നത്.
പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. ഡൽഹിയിൽ സോണിയാ ഗാന്ധിയുമായി ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഇന്ന് കസ്റ്റഡിലുള്ള പോറ്റിയിൽ നിന്നും ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അടൂർ പ്രകാശിലേക്ക് അന്വേഷണ സംഘമെത്തുക. അടൂർ പ്രകാശിന് പുറമെ പോറ്റിയുമായി ബന്ധമുള്ള മറ്റ് രാഷ്ട്രീയ നേതാക്കളുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി.