തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായറെ പങ്കെടുപ്പിച്ച സംഭവത്തിൽ ഡിഡിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. സംഭവത്തിൽ ഫോർട്ട് ഹൈസ്കൂളിന് വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. സ്കൂളിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് അധികൃതർക്ക് അറിവില്ലായിരുന്നെന്നാണ് സ്കൂളിന്‍റെ വിശദീകരണം. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. സംഭവത്തിൽ ഫോര്‍ട്ട് ഹൈസ്കൂള്‍ ഹെഡ്‍മാസ്റ്ററുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി പരിപാടിയുടെ സംഘാടകർ രംഗത്തെത്തി. പോക്സോ കേസ് പ്രതി വ്‌ളോഗർ മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതിൽ സംഘാടകർ മാപ്പ് ചോദിച്ച് രംഗത്തെത്തി. പോക്സോ കേസ് പ്രതിയെന്ന് അറിയാതെയാണ് മുകേഷ് എം നായരെ ചടങ്ങിൽ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.
മുകേഷ് എം നായരെ പരിപാടിയിലേക്ക് ക്ഷണിച്ചത് തങ്ങള്‍ ആണെന്ന് ജെ സി ഐ അറിയിച്ചു. സ്കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ സി ഐ സംഘാടകർ അയച്ച കത്തിൽ വ്യക്തമാക്കുന്നു.