ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊല്ലം നഗരത്തിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി
നഗരപരിധിയിലെ 26 സ്കൂളുകൾക്കാണ് അവധി നൽകിയിട്ടുള്ളത്
                                കൊല്ലം കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ (നവംബർ മൂന്ന്) ഉച്ചയ്ക്ക് ശേഷം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് ഈ നടപടി. നഗരപരിധിയിലെ 26 സ്കൂളുകൾക്കാണ് അവധി നൽകിയിട്ടുള്ളത്.
75-ാം വാർഷികം ആഘോഷിക്കുന്ന കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജില്‍ വെച്ച് നാളെ ഉച്ചയ്ക്ക് 2.50 നാണ് ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം. കോളജിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് ഉപരാഷ്ട്രപതി എത്തുന്നത്.
ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. താഴെ പറയുന്ന റോഡുകളുടെ വശങ്ങളിൽ വാഹന പാർക്കിങ് പൂർണ്ണമായും നിരോധിച്ചു: ആശ്രാമം മൈതാനം മുതൽ ചിന്നക്കട വരെ, റെയിൽവേ സ്റ്റേഷൻ, കർബല, ഫാത്തിമാ മാതാ കോളജ്, ചെമ്മാൻമുക്ക് വരെ.
ബിഷപ് പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ പ്രസംഗിക്കും. കൂടാതെ, എൻ.കെ. പ്രേമചന്ദ്രൻ എംപി, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, പി.സി. വിഷ്ണുനാഥ്, സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, മേയർ ഹണി ബെഞ്ചമിൻ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് എന്നിവരും പങ്കെടുക്കും.
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

