പാലക്കാട്: പാലക്കാട് സ്വദേശിനിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചതോടെ തച്ചനാട്ടുകര, കരിമ്പുഴ മേഖലയിൽ ജാഗ്രത. ഇരു പ്രദേശങ്ങളിലെയും ചില വാർഡുകളെ കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നാട്ടുകല്‍ കിഴക്കുംപുറം മേഖലയിലെ 3 കിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്‍റ് സോണായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും.
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 18,19 വാർഡുകളുമാണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. കൂടാതെ, രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേരെ ഹൈറിസ്ക് പട്ടികയിലും ഉൾപ്പെടുത്തി.
രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്‌മെന്റ് നടത്തണം. പൂനെയിലെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നതോടെയാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.