ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി കുളത്തിലിറങ്ങി മീൻ പിടിച്ചു
ഈ സംഭവത്തിന്റെ വീഡിയോ കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്
                                ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യത്യസ്തമായൊരു രംഗത്തിനാണ് ബെഗുസരായ് ജില്ല സാക്ഷ്യം വഹിച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രചാരണം മാറ്റിവെച്ച്, ഒരു കുളത്തിലിറങ്ങി മീൻ പിടിക്കാൻ ശ്രമിച്ചത് പ്രവർത്തകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും ആവേശം നിറച്ചു.
രാഹുൽ ഗാന്ധിയും 'ഇന്ത്യ' സഖ്യത്തിലെ ഘടകകക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ നേതാവും മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയും ഒരു വഞ്ചിയിൽ കുളത്തിന്റെ നടുവിലേക്ക് പോവുകയും മീൻ പിടിക്കാനായി വല എറിയുകയും ചെയ്തു. പതിവ് വേഷമായ വെളുത്ത ടീഷർട്ടും കാർഗോ പാന്റ്‌സും ധരിച്ച രാഹുൽ, സാഹ്നിക്ക് പിന്നാലെ മടിയില്ലാതെ കുളത്തിലേക്ക് ചാടി.
ഈ കാഴ്ചയോടെ ചുറ്റും കൂടിയ നാട്ടുകാരും പ്രവർത്തകരും 'രാഹുൽ ഗാന്ധി സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചു. നിരവധി മത്സ്യത്തൊഴിലാളികളും ഈ സമയം സ്ഥലത്തുണ്ടായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് .
മീൻപിടുത്തത്തിന് ശേഷം, മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അടക്കം അവരുമായി ചർച്ച ചെയ്ത ശേഷമാണ് രാഹുൽ ഗാന്ധി സംഭവസ്ഥലത്ത് നിന്നും മടങ്ങിയത്. തൊഴിലാളികളുടെ ജീവിതാനുഭവങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള ഈ നടപടി രാഷ്ട്രീയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

