ബംഗ്ലാദേശിൽ ഇനി താരിഖ് കാലം; പതിവുതെറ്റിച്ച് സൗത്ത് പ്ലാസയിൽ സത്യപ്രതിജ്ഞ, മന്ത്രിസഭയിൽ ഒരു ഹിന്ദു

Feb 17, 2026 - 18:58
Feb 17, 2026 - 18:58
 0
ബംഗ്ലാദേശിൽ ഇനി താരിഖ് കാലം; പതിവുതെറ്റിച്ച് സൗത്ത് പ്ലാസയിൽ സത്യപ്രതിജ്ഞ, മന്ത്രിസഭയിൽ ഒരു ഹിന്ദു

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബിഎൻപി നേതാവ് താരിഖ് റഹ്‌മാൻ. ബംഗ്ലാദേശിൽ സാധാരണഗതിയിൽ പുതിയസർക്കാർ അധികാരമേൽക്കുന്നത് ബംഗാഭവനി (പ്രസിഡന്റിന്റെ ഔദ്യോഗികവസതി)ലായിരുന്നെങ്കിൽ ഇത്തവണ സത്യപ്രതിജ്ഞാചടങ്ങുകൾ നടന്നത് പാർലമെന്റ് മന്ദിരത്തിന്റെ സൗത്ത് പ്ലാസയിലായിരുന്നു.

അതേസമയം, ജമാഅത്ത് ഇ ഇസ്‌ലാമിക്കും അവാമി ലീഗിനും ആധിപത്യമുള്ള ജില്ലകളിൽനിന്നുള്ള ആരും മന്ത്രിസഭയിലില്ല. രണ്ടുപതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ബിഎൻപി നേതാവ് പ്രധാനമന്ത്രിപദത്തിലെത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. മാത്രമല്ല, 36 കൊല്ലത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ആദ്യ പുരുഷൻ കൂടിയാണ് താരിഖ് റഹ്‌മാൻ. താരിഖിന്റെ അമ്മയായ ഖാലിദ സിയയും ഷേയ്ഖ് ഹസീനയുമായിരുന്നു 91 മുതലിങ്ങോട്ട് രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലുണ്ടായിരുന്നത്.

ജമാഅത്ത് ഇ ഇസ്‌ലാമി അധ്യക്ഷൻ ഷാഫിക്വർ റഹ്‌മാൻ ആണ് പ്രതിപക്ഷ നേതാവ്. എൻസിപി (നാഷണൽ സിറ്റിസൺസ് പാർട്ടി(എൻസിപി) കൺവീനർ നഹീദ് ഇസ്‌ലാം പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പാകും. മുന്നൂറംഗ പാർലമെന്റിൽ 209 സീറ്റും നേടിയാണ് താരിഖ് റഹ്‌മാനും പാർട്ടിയും അധികാരത്തിലെത്തിയത്. 68 സീറ്റുകളാണ് ജമാഅത്ത് ഇ ഇസ്‌ലാമിക്കുള്ളത്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയുണ്ടായിരുന്നില്ല.

 

 

താരിഖിനെ കൂടാതെ 49 മന്ത്രിമാരാണ് സർക്കാരിലുള്ളത്. ഇതിൽ 25 പേർ കാബിനറ്റ് മന്ത്രിമാരും 24 പേർ സഹമന്ത്രിമാരുമാണ്. മന്ത്രിസഭയിലെ ഒരംഗം ഹിന്ദു മതത്തിൽപ്പെട്ടയാളാണ്. ബിഎൻപിയുടെ മുതിർന്ന നേതാവുകൂടിയായ നിതായ് റോയ് ചൗധരിയാണ് മന്ത്രിസഭയിലെ ഏകഹിന്ദു. 25 മന്ത്രിമാരിൽ 17 പേർ ആദ്യമായാണ് ഈ ചുമതലയിലെത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow