പിഎം ശ്രീയിൽ നയതീരുമാനം ഉടൻ; മന്ത്രിസഭ ചർച്ച ചെയ്യും: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയെക്കുറിച്ച് മന്ത്രിസഭയിൽ ചർച്ച നടക്കാനിടയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. പദ്ധതിക്ക് അതിന്റേതായ രാഷ്ട്രീയമുണ്ടെന്നും വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതാണ് ഇപ്പോഴത്തെ സാഹചര്യമുണ്ടാക്കിയതെന്നും ഒപ്പുവെച്ചിരുന്നില്ലെങ്കിൽ മറ്റൊരു രീതിയിൽ മുന്നോട്ടുപോകാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇനി വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണമാറ്റത്തിന് പിന്നാലെ പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ കേരളത്തിന് വീണ്ടും കത്തയച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
പിഎം ശ്രീ പദ്ധതിയിൽ ചേരുന്നതിന് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയം മാറ്റേണ്ടതില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. കേന്ദ്ര നിബന്ധനകൾ പ്രകാരം എൻസിഇആർടി പാഠപുസ്തകങ്ങൾ നിർബന്ധമല്ലെന്നും എസ്‌സിഇആർടി പാഠപുസ്തകങ്ങൾ തുടർന്നും ഉപയോഗിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി കേന്ദ്ര നിബന്ധനകൾ മറികടന്ന് പദ്ധതി നടപ്പാക്കാനാകുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, ജൂൺ 19-ന് നടക്കുന്ന വായനാദിനാചരണം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. രാവിലെ 11.30-ന് കനകക്കുന്നിൽ ചടങ്ങുകൾ നടക്കും. ഇത്തവണ പൊലീസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ വായനാസദസുകൾ സംഘടിപ്പിക്കും.
വായനാദിനത്തോടനുബന്ധിച്ച് ഒരു മാസം നീളുന്ന പരിപാടികളും ലഹരി വിരുദ്ധ പ്രചാരണവും സംഘടിപ്പിക്കും. ‘വായനയാണ് വികസനം’ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിശോധിക്കുമെന്നും ഡിജിറ്റൽ ലൈബ്രറികൾ സജീവമാക്കുമെന്നും മന്ത്രി അറിയിച്ചു.
What's Your Reaction?



