അതിശക്തമായ മഴ തുടരും; നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മഴക്കെടുതിയിൽ മരണം എട്ടായി

Aug 1, 2026 - 22:32
Aug 1, 2026 - 22:32
 0
അതിശക്തമായ മഴ തുടരും; നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മഴക്കെടുതിയിൽ മരണം എട്ടായി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും തീരപ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. വിവിധ ജില്ലകളിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വൈദ്യുതാഘാതം, അപകടങ്ങൾ എന്നിവയിൽ എട്ട് പേർ മരിച്ചു.

കോട്ടയം പൂഞ്ഞാർ തെക്കേക്കരയിൽ ഉരുൾപൊട്ടലിൽ വീട് തകർന്നുവീണ് ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിൽ സുമതിയും കോലാഹലമേട്ടിൽ പ്രഭാകരൻ നായരും മണ്ണിടിച്ചിലിൽ മരിച്ചു. മലപ്പുറത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു. വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് ഒരാളും കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹവും കണ്ടെത്തി. മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow