ഓണക്കാല റേഷൻ വിതരണം തിങ്കളാഴ്ച മുതൽ; വിവിധ കാർഡുടമകൾക്ക് സൗജന്യ അരിയും ഗോതമ്പും

Aug 1, 2026 - 22:26
Aug 1, 2026 - 22:26
 0
ഓണക്കാല റേഷൻ വിതരണം തിങ്കളാഴ്ച മുതൽ; വിവിധ കാർഡുടമകൾക്ക് സൗജന്യ അരിയും ഗോതമ്പും

തിരുവനന്തപുരം: ഓണക്കാല റേഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. മഞ്ഞ കാർഡുടമകൾക്ക് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ മൂന്ന് പാക്കറ്റ് ആട്ട കിലോയ്ക്ക് ഏഴ് രൂപ നിരക്കിലും വിതരണം ചെയ്യും.

പിങ്ക് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ആട്ട കിലോയ്ക്ക് ഒമ്പത് രൂപ നിരക്കിലായിരിക്കും വിതരണം.

നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപ നിരക്കിലും രണ്ട് കിലോ സ്പെഷ്യൽ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിലും മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും ലഭിക്കും. താലൂക്കിലെ സ്റ്റോക്കിന് അനുസരിച്ച് ഒരു കാർഡിന് പരമാവധി നാല് കിലോ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് ലഭ്യമാക്കും.

കൂടാതെ അധികവിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്യും. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയിൽ ഇടപെടുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

അതേസമയം, ലോട്ടറി തൊഴിലാളികൾക്കുള്ള ഓണം ബത്തയും സർക്കാർ വർധിപ്പിച്ചു. 26,980 അംഗങ്ങൾക്കും 9,345 പെൻഷൻകാർക്കും ആനുകൂല്യം ലഭിക്കും. ഇതിനായി 26.47 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 8,500 രൂപയും പെൻഷൻകാർക്ക് 3,750 രൂപയും ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേസമയം ബത്ത വർധിപ്പിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow