തട്ടിക്കൊണ്ടുപോകൽ കേസിൽ വൻ ട്വിസ്റ്റ്; യുവാവും തട്ടിക്കൊണ്ടുപോയ സംഘവും എംഡിഎംഎയുമായി പിടിയിൽ
കൊച്ചി: കുണ്ടന്നൂരിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ വൻ ട്വിസ്റ്റ്. കേസിലെ തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവും പിന്നീട് തട്ടിക്കൊണ്ടുപോയ സംഘവും എംഡിഎംഎയുമായി പൊലീസ് പിടിയിലായി. 46,000 രൂപയുടെ ലഹരി ഇടപാടിനെച്ചൊല്ലിയ തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
മരട് സ്വദേശി റിജോയ് ബെക്സൺ വർഗീസ് (24) എംഡിഎംഎ വാങ്ങിയ വകയിൽ 46,000 രൂപ നൽകാനുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് സംസാരിക്കാനെന്ന വ്യാജേന കുണ്ടന്നൂർ ഫോറം മാളിന് സമീപത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘം ബലമായി കാറിൽ കയറ്റി ആലുവയിലെ രഹസ്യസങ്കേതത്തിൽ എത്തിച്ച് മണിക്കൂറുകളോളം ബന്ദിയാക്കി. പിന്നീട് പണം നൽകാമെന്ന ഉറപ്പിലും സ്കൂട്ടർ ഈടായി വാങ്ങിയും ഇയാളെ വിട്ടയച്ചു.
തുടർന്ന് ഡാൻസാഫ് നടത്തിയ അന്വേഷണത്തിൽ റിജോയിയെ വെണ്ണലയിലെ വീട്ടിൽ നിന്ന് 4.88 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം ബിനു മോഹൻ (34), പാർവതി വി. (25), സാന്ദ്രാഞ്ജലി (24) എന്നിവരെയും ലഹരി കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
റിജോയിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയ പൊലീസ്, ആലപ്പുഴയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഫ്രാൻസിസ് സേവ്യർ (33), ആര്യ പൊടിപ്പെണ്ണ് (20), ഷഹനാസ് വി.പി., അനൂപ് എ.കെ. എന്നിവരെ മണ്ണഞ്ചേരി പൊലീസ് പിടികൂടി. ഇവരിൽ നിന്ന് ആകെ 13.78 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ലഹരി കേസിൽ റിമാൻഡിലായ നാലുപേരെയും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിചേർക്കുമെന്ന് മരട് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള മൂന്ന് പേരെ കൂടി കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
What's Your Reaction?



