തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. നടപടി മുന്നിൽ കാണുന്നതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ തെളിവുകളും വിദഗ്ധ സമിതിക്ക് നൽകിയിട്ടുണ്ട്. വലിയ മാറ്റങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ ഹാരിസ് വ്യക്തമാക്കി. പക്ഷെ താൻ സർക്കാർ ജോലി തന്നെ തിരഞ്ഞെടുത്തത് ജനങ്ങൾക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണെന്നും എന്ത് ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മാർഗം തെറ്റായിരുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. പക്ഷേ അതിന് ഫലം ഉണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികൾ മടങ്ങുന്നു.രോഗികൾ തന്നെക്കണ്ട് പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയത്. പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സമിതി ആരാഞ്ഞപ്പോൾ തുറന്നുപറയുകയും അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകുകയും ചെയ്തുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.