ആലപ്പുഴ: ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. മകളായ ഏയ്ഞ്ചല്‍ ജാസ്മിന്‍ ഭര്‍ത്താവുമായി അകന്ന് താമസിക്കുകയായിരുന്നു.
മകൾ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നതുമായി ബന്ധപ്പെട്ടും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. ഹാളില്‍ വച്ച് ഭാര്യയുടേയും മാതാപിതാക്കളുടേയും മുന്നില്‍ വച്ചാണ് ജാസ്മിന്റെ കഴുത്ത് ഞെരിച്ചത്. ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയ ശേഷം ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. തുടർന്ന് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടത്തി. എയ്ഞ്ചല്‍ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയന്നുപോയ കുടുംബം രാവിലെ വരെ വീടിനുള്ളില്‍ത്തന്നെ ഇരുന്നു.
സംഭവ സമയത്ത് ഏയ്ഞ്ചലിന്റെ അമ്മയും മുത്തശ്ശനും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. എയ്ഞ്ചലിന്റെ കൊലപാതകം വീട്ടിലെ അംഗങ്ങൾക്കും അറിയാമായിരുന്നു. ‘വീട്ടിൽ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാൽ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ’ എന്നായിരുന്നു ഫ്രാൻസിസ് പോലീസിന് മൊഴി നൽകിയത്.