ജനസംഖ്യാ വ്യതിയാന സമിതി ആർഎസ്എസ് അജണ്ടയുടെ ഭാഗം; കേന്ദ്രത്തിനെതിരെ പിണറായി വിജയൻ

Jun 16, 2026 - 19:27
Jun 16, 2026 - 19:27
 0
ജനസംഖ്യാ വ്യതിയാന സമിതി ആർഎസ്എസ് അജണ്ടയുടെ ഭാഗം; കേന്ദ്രത്തിനെതിരെ പിണറായി വിജയൻ

കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ് ദേശീയ സുരക്ഷയുടെ മറവിൽ രൂപീകരിച്ച ഈ സമിതിയെന്ന് അദ്ദേഹം ആരോപിച്ചു.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള നേതാക്കളുടെ രാഷ്ട്രീയ പ്രസംഗങ്ങളുടെ ഉള്ളടക്കമാണ് സമിതിയുടെ പ്രവർത്തന വ്യവസ്ഥയായി നിശ്ചയിച്ചിരിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR), ദേശീയ പൗരത്വ രജിസ്റ്റർ (NRC) എന്നിവയുടെ തുടർച്ചയായാണ് ഈ സമിതിയെ കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ ഇടവേളകളിൽ നടക്കേണ്ട ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് രാഷ്ട്രീയ ലക്ഷ്യത്തോടെ ബോധപൂർവം വൈകിപ്പിച്ച കേന്ദ്ര സർക്കാർ, ജനസംഖ്യാ വ്യതിയാന സമിതിയിലൂടെ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് പ്രചോദനം നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഔദ്യോഗിക സെൻസസ് വിവരങ്ങൾക്ക് കാത്തുനിൽക്കാതെ അതിർത്തി ജില്ലകളെയും മെട്രോ നഗരങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ഈ നീക്കം ജനങ്ങളിൽ ഭീതിയും വിഭജനവും സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

വോട്ടർപട്ടികയുടെ തീവ്ര പരിശോധനയുടെ മറവിൽ പൗരത്വ പരിശോധന നടത്താൻ കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിച്ചുവെന്നും, അതേ മാതൃകയിൽ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ വ്യതിയാനം പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഫെഡറൽ തത്വങ്ങളെ അവഗണിച്ച് സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് സമിതി രൂപീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ആർഎസ്എസ് അജണ്ടക്കെതിരെ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സെൻസസിന്റെ ഭാഗമായി കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നുവെന്നും, പുതിയ സാഹചര്യത്തിൽ അതേ ജാഗ്രത തുടരാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും അഭ്യർഥിച്ചാണ് പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow