കേരളത്തിൽ സെൻസസ് 2027 സെൽഫ് എന്യൂമറേഷന് തുടക്കം; ഗവർണറും മുഖ്യമന്ത്രിയും വിവരങ്ങൾ സമർപ്പിച്ചു

Jun 16, 2026 - 19:48
Jun 16, 2026 - 19:49
 0
കേരളത്തിൽ സെൻസസ് 2027 സെൽഫ് എന്യൂമറേഷന് തുടക്കം; ഗവർണറും മുഖ്യമന്ത്രിയും വിവരങ്ങൾ സമർപ്പിച്ചു

തിരുവനന്തപുരം: സെൻസസ് 2027ന്റെ ഭാഗമായി കേരളത്തിൽ സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് തുടക്കമായി. ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി വി.ഡി. സതീശനും ആദ്യമായി സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി.

ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സെൻസസ് പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിച്ച് നടപടികൾ പൂർത്തിയാക്കി. മുഖ്യമന്ത്രി മാസ്കറ്റ് ഹോട്ടലിൽ വച്ചാണ് സെൽഫ് എന്യൂമറേഷൻ നിർവഹിച്ചത്.

2027ലെ ഡിജിറ്റൽ സെൻസസ് രാജ്യത്തിന് സുപ്രധാന നേട്ടമാണെന്നും സെൻസസ് നടപടികളുമായി സംസ്ഥാനത്തെ എല്ലാവരും സഹകരിക്കണമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ അഭ്യർഥിച്ചു. രാജ്യത്തിന്റെ വികസനത്തിനും ക്ഷേമപദ്ധതികൾക്കും ആവശ്യമായ നിർണായക തീരുമാനങ്ങൾ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എല്ലാ പൗരന്മാരും സജീവമായി പങ്കാളികളാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ. ബിജു, സെൻസസ് ഓപ്പറേഷൻ ഡയറക്ടർ ഡോ. ടി. മിത്ര, ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി, ജില്ലാ കളക്ടർ അനു കുമാരി, സെൻസസ് എക്‌സിക്യൂട്ടീവ് ഓഫീസർ അഞ്ജലി ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ന് ആരംഭിച്ച 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടൽ വഴി വിവരങ്ങൾ നേരിട്ട് സമർപ്പിക്കാം. സ്വയം സമർപ്പിക്കുന്ന വിവരങ്ങൾ പിന്നീട് ഫീൽഡ് സന്ദർശനത്തിനിടെ എന്യൂമറേറ്റർമാർ പരിശോധിച്ച് സ്ഥിരീകരിക്കും.

അധ്യാപകരും മറ്റ് സർക്കാർ ജീവനക്കാരുമടങ്ങുന്ന എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും വിവരശേഖരണത്തിനായി നിയോഗിച്ചിട്ടുണ്ട്. വെബ് മാപ്പിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് നിർണയിച്ച ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകൾ സന്ദർശിച്ചാണ് വിവരശേഖരണം നടത്തുക. സമ്പൂർണ സെൻസസ് പ്രവർത്തനങ്ങൾ 'സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം' വെബ് പോർട്ടൽ മുഖേന ഏകോപിപ്പിക്കും. സെൻസസിന്റെ അടുത്തഘട്ട പ്രവർത്തനങ്ങൾ ജൂലൈ 1 മുതൽ ആരംഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow