രാഹുൽ മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടുപ്പ് പൂർത്തിയായി; അതിജീവിതയുടെ രഹസ്യമൊഴി എടുക്കാന്‍ എസ്‌ഐടി

ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലാണ് പോലീസ് പരിശോധന നടത്തിയത്

Jan 14, 2026 - 11:35
Jan 14, 2026 - 11:35
 0
രാഹുൽ മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടുപ്പ് പൂർത്തിയായി; അതിജീവിതയുടെ രഹസ്യമൊഴി എടുക്കാന്‍ എസ്‌ഐടി
പത്തനംതിട്ട: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെ തിരുവല്ലയിലെ ക്ലബ്‌ സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പരാതിയിൽ പീഡനം നടന്നു എന്നു പറയുന്ന ഹോട്ടലാണിത്. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ എത്തിയെന്ന കാര്യം സമ്മതിച്ചു.
 
ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലാണ് പോലീസ് പരിശോധന നടത്തിയത്. 408ാം നമ്പര്‍ മുറിയും രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇവിടെ ​രാഹുൽ മാങ്കൂട്ടത്തിൽ എന്ന പേരിലല്ല ഇയാൾ രജിസ്ട്രേഷൻ നടത്തിയത്. ബി ആർ രാഹുൽ എന്നാണ് ​രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള പേര്.
 
ഹോട്ടലിലെ സിസിടി ദൃശ്യങ്ങളടക്കം കണ്ടെത്തേണ്ടതുണ്ട്. അതേസമയം, ലാപ്ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുൽ മറുപടി നൽകിയില്ല. പിടിച്ചെടുത്ത മൊബൈലുകളുടെ പാസ് വേഡും നൽകുന്നില്ല. രാഹുല്‍ സഹകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. 
 
ഇന്ന് പുലർച്ചെ 5.30 ഓടെ പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും എസ്ഐടി ​രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലേക്ക് പുറപ്പെടുകയും 6.30 ഓടെ ഹോട്ടലിൽ എത്തുകയുമായിരുന്നു. പോലീസ് ബസിൽ കനത്ത സുരക്ഷയോടെയാണ് രാഹുലിനെ ഹോട്ടലിലെത്തിച്ചത്. 
 
അതേസമയം കേസിൽ വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ തയ്യാറെടുക്കയാണ് അന്വേഷണ സംഘം.യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രഹസ്യ മൊഴിയെടുക്കാനാണ് എസ്ഐടിയുടെ നീക്കം. ഇതിനായി തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ അനുമതി തേടും. രാഹുലിന്റെ രണ്ട് ഫോണുകളും പരിശോധിക്കാനായി എസ്‌ഐടി സാങ്കേതിക സംവിധാനം ഉപയോഗിക്കുമെന്നും റിപ്പോർട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow