ശബരിമല സ്വർണക്കവർച്ച കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം എ. അജികുമാറും അറസ്റ്റിൽ

Jul 23, 2026 - 13:40
Jul 23, 2026 - 13:41
 0
ശബരിമല സ്വർണക്കവർച്ച കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം എ. അജികുമാറും അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല ദ്വാരപാലക പാളികളിലെ സ്വർണക്കവർച്ച കേസിൽ നിർണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം എ. അജികുമാറിനെയും അറസ്റ്റ് ചെയ്തു. എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.

രാവിലെ തന്നെ പി.എസ്. പ്രശാന്തിന്റെ വസതിയിലെത്തിയ അന്വേഷണസംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് അജികുമാറിനെയും പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സ്വകാര്യ വാഹനത്തിൽ അഭിഭാഷകനും സുഹൃത്തുക്കളുമൊപ്പമാണ് അജികുമാർ ചോദ്യം ചെയ്യലിന് എത്തിയത്.

ശബരിമല ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇരുവർക്കുമെതിരെ നടപടി ഉണ്ടായത്. എസ്‌ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പി.എസ്. പ്രശാന്ത് ഉൾപ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. 2019-ൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ അപഹരണം മറച്ചുവെക്കുന്നതിനായി 2025-ൽ ദ്വാരപാലക വിഗ്രഹങ്ങൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

അന്നത്തെ ദേവസ്വം ബോർഡ് ഭരണസമിതി നൽകിയ അനുമതികളും ഫയൽ നടപടികളുമാണ് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം എ. അജികുമാറിനുമെതിരെ പുതിയ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയതോടെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow