പാർലമെന്റ് മാർച്ചിൽ പെല്ലറ്റ് ആക്രമണം; ആശുപത്രി രേഖകൾ സർക്കാരിന്റെ വാദം തള്ളി
ന്യൂഡൽഹി ∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നടന്ന പാർലമെന്റ് മാർച്ചിൽ വിദ്യാർഥികളെ ആക്രമിച്ചിട്ടില്ലെന്ന സർക്കാരിന്റെയും കേന്ദ്രസേനയുടെയും വാദങ്ങളെ ആശുപത്രി രേഖകൾ ചോദ്യം ചെയ്യുന്നു. പെല്ലറ്റ് തോക്ക്, ആണി തറച്ച ലാത്തി, കണ്ണീർവാതക ഷെല്ലുകൾ എന്നിവ ഉപയോഗിച്ചാണ് ഡൽഹി പൊലീസ്, റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് (ആർഎഎഫ്), സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്രസേന പ്രതിഷേധക്കാരെ നേരിട്ടതെന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്.
പ്രതിഷേധത്തിനിടെ പരുക്കേറ്റ മുന്നൂറിലധികം പേരെ ലോഡി ഹാർഡിങ് മെഡിക്കൽ കോളജ് (എൽഎച്ച്എംസി), ഡോ. റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രി, ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ആർഎംഎൽ ആശുപത്രിയിൽ മാത്രം ചൊവ്വാഴ്ച രാവിലെ 8 മണിവരെ 186 പേർ ചികിത്സ തേടിയതായി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഡൽഹി പൊലീസിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ആകെ 60 പേർക്കാണ് പരുക്കേറ്റതെന്നും, അതിൽ ഭൂരിഭാഗവും സേനാംഗങ്ങളാണെന്നും വ്യക്തമാക്കിയിരുന്നു.
ലോഡി ഹാർഡിങ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഷേക് ഇർഷാദ് മൻസൂരിയുടെ (25) കണ്ണിൽ നിന്നും മുഖത്തുനിന്നും കഴുത്തിൽ നിന്നുമായി പത്തിലധികം പെല്ലറ്റുകൾ നീക്കം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴുത്തിലെ രക്തക്കുഴലിനോട് ചേർന്നുള്ള ഒരു പെല്ലറ്റ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.
പെല്ലറ്റ് ആക്രമണത്തിൽ കണ്ണിന് ഗുരുതരമായി പരുക്കേറ്റ സിദ്ധാർഥ് യാദവിനെ (24) ഡൽഹി എയിംസിലേക്ക് മാറ്റി. പെല്ലറ്റ് പരുക്കുകളുമായി ഇരുപതിലധികം പേർ ചികിത്സ തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പെല്ലറ്റ് ഉപയോഗിച്ചെന്ന ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു.
32 വയസ്സുള്ള നൂതൻ ടോപ്പോയുടെ ചെവിക്കു സമീപം കണ്ണീർവാതക ഷെൽ പതിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായും ആശുപത്രി രേഖകളിൽ പറയുന്നു.
What's Your Reaction?



