ഡൽഹി: സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചതോടെ ലഡാക്ക് അതീവ ജാഗ്രതയിലാണ്. പ്രതിഷേധത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 70 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ലേയിൽ നടന്ന പ്രതിഷേധത്തിൽ ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധ അക്രമാസക്തമാകുകയായിരുന്നു.
സംഘര്‍ഷത്തില്‍ കേന്ദ്ര സർക്കാർ ഗൂഢാലോചന വാദം ആവർത്തിക്കുകയാണ്. നിലവിൽ ലഡാക്കിൽ നിരോധനാജ്ഞ പ്രഖ‍്യാപിച്ചിരിക്കുകയാണ്. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും വിലക്കിയിട്ടുണ്ട്.
ലഡാക്കിലെ പ്രതിഷേധത്തെ അനുകൂലിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും, പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയും രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന് ഇരുവരും പറഞ്ഞു. ലഡാക്കിനായി എന്തുചെയ്തുവെന്ന് ആത്‌മപരിശോധന നടത്തണമെന്നും നേതാക്കൾ പ്രതികരിച്ചു. സംസ്ഥാന പദവി വാഗ്‌ദാനം ചെയ്ത് കശ്മീരിനെയും വഞ്ചിച്ചെന്നും നേതാക്കൾ ആരോപിച്ചു.