ഇന്ത്യൻ ആരാധകർക്കെതിരെ പ്രകോപനപരമായ ആംഗ്യം; പാക് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ പരാതി
മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ ശേഷം, ബാറ്റ് തോക്ക് പോലെ ഉയർത്തി കാണികൾക്ക് നേരെ ചൂണ്ടിയാണ് നേട്ടം ആഘോഷിച്ചത്

ദുബായ്: ഇന്ത്യൻ ആരാധകർക്കെതിരെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചതിന് പാകിസ്ഥാൻ താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ്‌സാദ ഫർഹാനും എതിരെ ബി.സി.സി.ഐ ഐ.സി.സിക്ക് പരാതി നൽകി. ഇ-മെയിൽ വഴിയാണ് ബി.സി.സി.ഐ പരാതി കൈമാറിയത്. മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ ശേഷം, ബാറ്റ് തോക്ക് പോലെ ഉയർത്തി കാണികൾക്ക് നേരെ ചൂണ്ടിയാണ് നേട്ടം ആഘോഷിച്ചത്.
ഹാരിസ് റൗഫ് ആകട്ടെ, ഇന്ത്യൻ ആരാധകരെ നോക്കി '6-0' എന്ന് ആംഗ്യം കാണിക്കുകയും, വിമാനം വെടിവെച്ചിട്ടെന്ന അർഥത്തിൽ കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു. 2022-ലെ ടി20 ലോകകപ്പിൽ വിരാട് കോഹ്ലി റൗഫിനെതിരെ തുടർച്ചയായി രണ്ട് സിക്സറുകൾ നേടി ഇന്ത്യയെ വിജയിപ്പിച്ചിരുന്നു. ഈ സംഭവം ഓർമിപ്പിച്ച് ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന റൗഫിനെ ഇന്ത്യൻ ആരാധകർ 'കോഹ്ലി, കോഹ്ലി' എന്ന് വിളിച്ച് പ്രകോപിപ്പിച്ചതിനെ തുടർന്നാണ് റൗഫ് വിമാനം പറത്തുന്നതും താഴേക്ക് പതിക്കുന്നതുമായ ആംഗ്യം കാണിച്ചത്.
ഇരു താരങ്ങളും ആരോപണം നിഷേധിച്ചാൽ, ഐ.സി.സി. ഇവരെ വിളിപ്പിക്കാൻ സാധ്യതയുണ്ട്. എലൈറ്റ് പാനൽ റഫറി റിച്ചി റിച്ചാർഡ്‌സന് മുന്നിൽ ഹാജരായി ഇരുവരും വിഷയത്തിൽ വിശദീകരണം നൽകേണ്ടി വരും.
What's Your Reaction?






