മെസിക്ക് മുന്‍പെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ പന്തുതട്ടും
ഈ മാസം 22-ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരം നടക്കുന്നത്

പനജി: പോർച്ചുഗീസ് ഇതിഹാസ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുമെന്ന പ്രതീക്ഷ നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. എ.എഫ്.സി ചാംപ്യൻസ് ലീഗ് (ഗ്രൂപ്പ്) മത്സരത്തിൽ എഫ്‌സി ഗോവയെ നേരിടുന്ന സൗദി ക്ലബ് അൽ നസ്‌റിന്റെ ടീം പട്ടികയിൽ റൊണാൾഡോയെ ഉൾപ്പെടുത്തിയതായാണ് സൂചന.
ഈ മാസം 22-ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരം നടക്കുന്നത്. റൊണാൾഡോ കളിക്കാനെത്തുമെന്ന പ്രതീക്ഷയാണ് എഫ്‌സി ഗോവയും പങ്കുവെക്കുന്നത്. റൊണാൾഡോ ഇന്ത്യൻ വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ, ഗ്രൂപ്പ് ഡിയിലെ ഇറാഖ് ടീം അൽ സവ്‌റയ്ക്കും താജിക് ക്ലബ് ഇസ്തിക്കോളിനും എതിരായ അൽ നസ്‌റിന്റെ ആദ്യ മത്സരങ്ങളിൽ റൊണാൾഡോ കളിച്ചിരുന്നില്ല. ഇത് താരം ഇന്ത്യയിലും കളിക്കാനെത്തില്ല എന്ന ആശങ്കകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, റൊണാൾഡോ തീരുമാനം മാറ്റുകയും ഇന്ത്യയിലേക്ക് വരാനായി വിസയ്ക്ക് അപേക്ഷ നൽകുകയും ചെയ്‌തെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
റൊണാൾഡോ കളിക്കാനെത്തുമെന്ന് തന്നെയാണ് എഫ്‌സി ഗോവയുടെ സിഇഒ രവി പുസ്‌കർ വ്യക്തമാക്കിയത്. റൊണാൾഡോ വരുന്ന പശ്ചാത്തലത്തിൽ മത്സരത്തിന് കൂടുതൽ സുരക്ഷാ ആവശ്യമാണെന്ന് എഫ്‌സി ഗോവ മാനേജ്‌മെന്റ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോ തന്നെ അൽ നസ്‌റിനെ നയിക്കുമെന്നാണ് സൂചന. റൊണാൾഡോയെ കൂടാതെ സാദിയോ മാനെ, യാവോ ഫെലിക്‌സ്, കിംഗ്‌സ്‌ലി കോമാൻ തുടങ്ങി മറ്റ് വമ്പൻ താരങ്ങളും അൽ നസ്ര്‍ നിരയിലുണ്ടാകും.
What's Your Reaction?






