മധ്യപ്രദേശ് കഫ് സിറപ്പ് ദുരന്തം: ശ്രീശൻ ഫാർമ ഉടമ അറസ്റ്റിൽ; മരണസംഖ്യ 21 ആയി

കോൾഡ്രിഫ് സിറപ്പ് (Coldrif Syrup) കഴിച്ച് കുട്ടികൾ മരിച്ചതിനെ തുടർന്ന് രംഗനാഥനും കുടുംബവും ഒളിവിൽ പോയിരുന്നു

Oct 9, 2025 - 10:10
Oct 9, 2025 - 10:10
 0
മധ്യപ്രദേശ് കഫ് സിറപ്പ് ദുരന്തം: ശ്രീശൻ ഫാർമ ഉടമ അറസ്റ്റിൽ; മരണസംഖ്യ 21 ആയി

ഭോപ്പാൽ: മധ്യപ്രദേശിൽ വിഷലിപ്തമായ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ, മരുന്ന് നിർമ്മാണ കമ്പനിയായ ശ്രീശൻ ഫാർമയുടെ ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. കോൾഡ്രിഫ് സിറപ്പ് (Coldrif Syrup) കഴിച്ച് കുട്ടികൾ മരിച്ചതിനെ തുടർന്ന് രംഗനാഥനും കുടുംബവും ഒളിവിൽ പോയിരുന്നു. ഇതിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിലാണ് ഫാർമ കമ്പനി ഉടമ പിടിയിലായത്.

കഫ് സിറപ്പ് ദുരന്തത്തിൽ മധ്യപ്രദേശിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ, മരണസംഖ്യ 21 ആയി ഉയർന്നു. ചിന്ദ്വാര ജില്ലയിൽ മാത്രം 18 കുട്ടികളാണ് മരിച്ചത്. ഇന്നലെ മരിച്ച രണ്ട് കുട്ടികളും ചിന്ദ്വാര ജില്ലയ്ക്ക് പുറത്തുള്ളവരാണ്. അയൽ ജില്ലകളായ ബേതുൽ, പാണ്ഡുർന എന്നിവിടങ്ങളിലായി ആകെ മൂന്ന് കുട്ടികളാണ് മരിച്ചത്.

നാഗ്പുരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ച് കുട്ടികൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളിൽ വൃക്കസംബന്ധമായ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്.
സിറപ്പിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ (Diethylene Glycol - DEG) അടങ്ങിയിരുന്നതായി എസ്.ഐ.ടി.യുടെ പരിശോധനയിൽ കണ്ടെത്തി. വ്യവസായ മേഖലയിൽ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് DEG.

കഫ് സിറപ്പ് നിർമ്മിച്ച കാഞ്ചീപുരത്തെ ശ്രേസൻ ഫാർമ യൂണിറ്റുകളിൽ എസ്.ഐ.ടി. സംഘം പരിശോധന തുടരുകയാണ്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന ഒരു വയസുള്ള പ്രതീക് പവാർ എന്ന ആൺകുട്ടിക്ക് രോഗം ഭേദമായി. നാഗ്പുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു.

കോൾഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന (WHO) ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow