ഡൽഹി: ലൈംഗികാതിക്രമ കേസിൽ സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ. പരാതികൾ ഉയർന്നതിനു പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ആഗ്രയിൽ വച്ചാണ് പോലീസ് പിടികൂടിയത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പെൺകുട്ടികൾ പോലീസിന് മൊഴി നൽകിയിരുന്നു.
ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്‍റ് എന്ന സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനികളെയാണ് ഇയാൾ പലവിധത്തിൽ ലൈംഗികചൂഷണം നടത്തിയത്. പീഡനശ്രമ പരാതിയിലും സാമ്പത്തിക ക്രമക്കേടിലും പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു സ്വയം പ്രഖ്യാപിത ആള്‍ ദൈവം ചൈതന്യാനന്ദ.
കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസിന്‍റെ അറസ്റ്റ് നടപടി. പ്രതിക്കായി ഹരിയാന, രാജസ്ഥാന്‍, യുപി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ തെരയുന്നതിനിടെയാണ് ആഗ്രയില്‍ നിന്ന് ഇന്നലെ രാത്രി പിടിയിലായത്.
കേസ് എടുത്തതിന് പിന്നാലെ ചൈതന്യാനന്ദയുടെ ആഡംബര കാർ പോലീസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത കാറിൽ പ്രതി പെൺകുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായാണ് സൂചന. സ്വയം പ്രഖ്യാപിത ആൾദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്നും പാർഥ സാരഥി എന്നും അറിയപ്പെടുന്ന ആൾദൈവത്തിനെതിരേ വസന്ത് കുഞ്ച് നോർത്ത് പോലീസാണ് കേസെടുത്തത്.