കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ ഇനി ക്വിയർ സൗഹൃദം

നിലവിൽ 18 ലിങ്ക് വർക്കർമാർ 5 ആശുപത്രികളിലായി പ്രവർത്തിക്കുന്നുണ്ട്

Sep 28, 2025 - 15:29
Sep 28, 2025 - 15:29
 0
കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ ഇനി ക്വിയർ സൗഹൃദം
എറണാകുളം: കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദമായി മാറ്റുന്നതിന്റെ ആദ്യ ഘട്ടം എറണാകുളം ജനറൽ ആശുപത്രി ക്വിയർ സൗഹൃദ ആശുപത്രിയായി പ്രഖ്യാപിച്ചു കൊണ്ട്  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾ ഉൾപ്പെടെയുള്ള ക്വിയർ സമൂഹത്തെ പൊതുആരോഗ്യ സംവിധാനത്തിന്റെ ഭാഗമായി മാറ്റുക, ആരോഗ്യസേവനങ്ങൾ വേർതിരിവില്ലാതെ എല്ലാവർക്കും ലഭ്യമാക്കുക, ആരോഗ്യസ്ഥാപനങ്ങളും ജീവനക്കാരെയും ക്വിയർ സൗഹൃദമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദ ആരോഗ്യകേന്ദ്രങ്ങളായി പ്രഖ്യാപിക്കും.
 
ട്രാൻസ്ജെൻഡർ, ഇന്റർസെക്‌സ് വ്യക്തികൾ ഉൾപ്പെടെയുള്ള ക്വിയർ സമൂഹം നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികൾ പരിഹരിക്കുന്നതിനും ആരോഗ്യസ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾ ക്വിയർ സമൂഹത്തിലേക്ക് കൃത്യമായി എത്തിക്കുക എന്നതിനായി ആരോഗ്യകേരളത്തിന്റെ നേതൃത്വത്തിൽ 2023 ൽ ഇടം ആരോഗ്യ ബോധവൽക്കരണ കാമ്പയിൻ ആരോഗ്യവകുപ്പ് ആരംഭിച്ചിരുന്നു. തുടർന്ന് നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ ആശമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് ജില്ലാടിസ്ഥാനത്തിൽ നൽകിയിരുന്നു.
 
ക്വിയർ കമ്മ്യൂണിറ്റിയുടെ ഇടയിൽ ബോധവൽക്കരണം കൂടുതൽ ശക്തിപ്പെടുത്താനും, ആരോഗ്യസ്ഥാപനങ്ങളിലെ സേവനങ്ങൾ ഉപയോഗിക്കുന്നതിനു വേണ്ടി ആരോഗ്യസ്ഥാപനങ്ങളും ക്വിയർ വ്യക്തികളും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ട് സേവനങ്ങൾ വേർതിരിവില്ലാതെ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിനുമായി ട്രാൻസ്ജെൻഡർ വ്യക്തികളിൽ നിന്നും ലിങ്ക് വർക്കർമാരെ തെരഞ്ഞെടുത്തിരുന്നു. നിലവിൽ 18 ലിങ്ക് വർക്കർമാർ 5 ആശുപത്രികളിലായി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്താദ്യമായിട്ടാണ് ഇത്തരത്തിൽ ആരോഗ്യകേരളത്തിന്റെ ഭാഗമായി പൊതുആരോഗ്യസംവിധാനത്തിന്റെ ഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികൾ നിയമിക്കപ്പെടുന്നതും, ആരോഗ്യസ്ഥാപനങ്ങളിൽ പ്രവർത്തിച്ചു വരുന്നതും.
 
 

What's Your Reaction?

like

dislike

love

funny

angry

sad

wow