ആരോഗ്യമുള്ള യുവാക്കളിലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍; പിന്നിൽ നിസാരമെന്ന് തോന്നാവുന്ന രണ്ട് കാരണങ്ങള്‍
തിരക്കിനിടയിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെടാത്ത ആരോഗ്യമുള്ള യുവാക്കളിൽ പോലും ഹൃദയാഘാതം ഉണ്ടാകുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇതിന് പിന്നിൽ നിസാരമെന്ന് തോന്നാവുന്ന രണ്ട് പ്രധാന കാരണങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജോലിയിലെ മാനസിക സമ്മർദ്ദവും ഷിഫ്റ്റ് സംവിധാനങ്ങളും യുവാക്കളുടെ ഭക്ഷണരീതികളെ മാറ്റിമറിച്ചു. തിരക്കിനിടയിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു.
കേൾക്കുമ്പോൾ നിസാരമെന്ന് തോന്നാമെങ്കിലും ഈ ശീലം ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് സ്ഥിരമാക്കുമ്പോൾ ഹോർമോണുകളുടെ സന്തുലനം നഷ്ടമാകുകയും രക്തക്കുഴലുകളിൽ പ്ലേക്കുകൾ അടിഞ്ഞുകൂടാൻ കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല, പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരം ദീർഘനേരം ഉപവസിക്കുകയും ഇത് സ്ട്രെസ് ഹോർമോണായ കോർട്ടിസാളിന്റെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാത സാധ്യത 27 മുതൽ 35 ശതമാനം വരെ കൂട്ടാൻ കാരണമാകും.
രാത്രി വൈകി ഭക്ഷണം കഴിച്ച ഉടൻ കിടക്കുന്നത് മെറ്റബോളിക് പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ശരീര വീക്കം വർദ്ധിപ്പിക്കാനും ഇടയാക്കും. കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിക്കണം. ശരിയായ സമയത്തുള്ള ഭക്ഷണം ക്രമീകരിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
What's Your Reaction?






