ഡോ. എം.കെ. റാമിന്റെ റീ-അറസ്റ്റിൽ ഇന്ന് കോടതി തീരുമാനം

Jul 23, 2026 - 16:18
Jul 23, 2026 - 16:52
 0
ഡോ. എം.കെ. റാമിന്റെ റീ-അറസ്റ്റിൽ ഇന്ന് കോടതി തീരുമാനം

കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷയിൽ ഡിവൈഎസ്പി സുധീർ കല്ലൻ കോടതിയിൽ ഹാജരായി. റീ-അറസ്റ്റുമായി ബന്ധപ്പെട്ട കോടതി തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തലശ്ശേരി എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയാണ് അപേക്ഷയിൽ ഉത്തരവിടുക.

ഗ്രൗണ്ട് ഓഫ് അറസ്റ്റ് റിപ്പോർട്ട് പ്രതിക്ക് കൈമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അറസ്റ്റ് ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് പ്രതിഭാഗവും വ്യക്തമാക്കി.

ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കവെ, അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് സുധീർ കല്ലൻ. അറസ്റ്റിലുണ്ടായ വീഴ്ചകളെക്കുറിച്ച് വ്യക്തിപരമായി വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവൈഎസ്പിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അറസ്റ്റിന്റെ കാരണം പ്രതിക്ക് അറിയിക്കാത്തത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് എ. ബദറുദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച്, ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ് ഡോ. എം.കെ. റാമിന്റെ കേസിൽ സംഭവിച്ചതെന്ന് വിമർശിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ കേട്ടുകേൾവിയില്ലാത്ത സംഭവമാണിതെന്നും കോടതി അഭിപ്രായപ്പെട്ടു.

നിതിൻ രാജിന്റെ മരണം നടന്ന് മാസങ്ങൾക്കു ശേഷം തിങ്കളാഴ്ച കുടകിൽവെച്ചാണ് ക്രൈംബ്രാഞ്ച് സംഘം ഡോ. എം.കെ. റാമിനെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയെങ്കിലും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടന്നതെന്ന് ചൂണ്ടിക്കാട്ടി കോടതി റാമിനെ വിട്ടയച്ചു.

എന്നാൽ കോടതി വളപ്പിൽ നിന്ന് വീണ്ടും റാമിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചതോടെ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച റാമിനെ ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.

നിതിൻ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് ഡോ. റാം അന്വേഷണ സംഘത്തിന് മൊഴി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow