തളിപ്പറമ്പ് സ്ഥാനാർഥി വിവാദം: എം വി ഗോവിന്ദനെതിരെ ഒളിയമ്പുമായി എം എ ബേബി
മലപ്പുറം: തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അർഹതയുണ്ടെങ്കിലും ബന്ധുവായ ഒരാളെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിക്കെതിരെ കടന്നാക്രമണത്തിന് അവസരം നൽകുമെങ്കിൽ അത്തരം സ്ഥാനാർഥിത്വം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് നടന്ന ‘ഇഎംഎസിന്റെ ലോകം’ സെമിനാറിൽ സംസാരിക്കുകയായിരുന്നു എം എ ബേബി. സ്വന്തം അർഹതയുടെ അടിസ്ഥാനത്തിൽ ഒരാൾ സ്ഥാനാർഥിയാകുമ്പോൾ അവരുടെ ബന്ധുത്വം ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ വിമർശനം ഉന്നയിക്കുന്നത് സ്വാഭാവികമാണെങ്കിലും അത്തരം പ്രചാരണങ്ങൾക്ക് പിന്നാലെ പാർട്ടി പോകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഒരു നേതാവുമായി ബന്ധമുള്ള ഒരാളെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ ആക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം സൃഷ്ടിക്കുമെന്ന് തോന്നുന്ന സാഹചര്യത്തിൽ അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താനുമായി ബന്ധപ്പെട്ട ഒരാൾക്ക് പകരം മറ്റൊരാൾ മതിയെന്ന് തീരുമാനിക്കാൻ നേതാവ് തന്നെ മുൻകൈ എടുക്കുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂരിൽ ഉണ്ടായ ഒരു സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെന്ന സ്വയം വിമർശനം കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയതായും അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും എം എ ബേബി വ്യക്തമാക്കി.
What's Your Reaction?



