അൻസിബയുടെ പരാതിയിൽ ടിനി ടോമിന്റെ മൊഴി രേഖപ്പെടുത്തി; ‘ജിഹാദി’ പരാമർശം നിഷേധിച്ച് താരം

Jun 16, 2026 - 14:03
Jun 16, 2026 - 14:04
 0
അൻസിബയുടെ പരാതിയിൽ ടിനി ടോമിന്റെ മൊഴി രേഖപ്പെടുത്തി; ‘ജിഹാദി’ പരാമർശം നിഷേധിച്ച് താരം

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടനും ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടിനി ടോമിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തി. തനിക്കെതിരെ ടിനി ടോം വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ‘ജിഹാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചെന്നുമാണ് അൻസിബയുടെ പ്രധാന ആരോപണം. എന്നാൽ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന്റെ മൊഴിയും പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ അൻസിബ മതം മാറ്റാൻ ശ്രമിച്ചതായി പറഞ്ഞതിനെക്കുറിച്ചോ തനിക്ക് അറിവില്ലെന്നും, വിഷയം പരസ്യമായ ശേഷമാണ് സംഘടനയ്ക്ക് പരാതി ലഭിച്ചതെന്നും ശ്വേത മൊഴി നൽകിയതായാണ് വിവരം.

തന്റെ പേര് അൻസിബ ഹസൻ എന്നതുകൊണ്ടാണ് തന്നെ ലക്ഷ്യമിടുന്നതെന്നും, മറ്റുള്ളവരെ മതം മാറ്റാൻ ശ്രമിച്ചുവെന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കുടുംബത്തെപ്പോലും അധിക്ഷേപിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നടി നീനാ കുറുപ്പ് അൻസിബയെ പിന്തുണച്ച് രംഗത്തെത്തുകയും ടിനി ടോം മോശമായി പെരുമാറിയതിന് താൻ സാക്ഷിയാണെന്ന് പൊലീസിന് മൊഴി നൽകുകയും ചെയ്തു. മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറയപ്പെട്ട പ്രൊഡക്ഷൻ കൺട്രോളറുടെയും മകന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളെ ആരും മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

ടിനി ടോമിന്റെ മൊഴി കൂടി രേഖപ്പെടുത്തിയ സാഹചര്യത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് അൻസിബ.

What's Your Reaction?

like

dislike

love

funny

angry

sad

wow