റേഷൻ വിഹിതത്തിൽ മാറ്റം: വെള്ള, നീല കാർഡുകാർക്ക് അധിക അരിയില്ല; പകരം ആട്ട ലഭിക്കും
ഏറെക്കാലത്തിന് ശേഷം ഈ വിഭാഗങ്ങൾക്ക് ആട്ട വിതരണം പുനരാരംഭിച്ചിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനേതര വിഭാഗത്തിലുള്ള വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ജനുവരി മാസത്തിൽ അധിക അരി വിഹിതം ഉണ്ടായിരിക്കില്ലെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. എന്നാൽ ഏറെക്കാലത്തിന് ശേഷം ഈ വിഭാഗങ്ങൾക്ക് ആട്ട വിതരണം പുനരാരംഭിച്ചിട്ടുണ്ട്.
വെള്ള കാർഡുകൾക്ക് കഴിഞ്ഞ മാസം 10 കിലോ അരി ലഭിച്ചിരുന്ന സ്ഥാനത്ത് ഈ മാസം 2 കിലോ അരി മാത്രമേ ലഭിക്കൂ. നീല കാർഡുടമകൾക്ക് കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം വീതം അരി ലഭിക്കും (കഴിഞ്ഞ മാസം ലഭിച്ചിരുന്ന 5 കിലോ അധിക വിഹിതം ഈ മാസം ഉണ്ടായിരിക്കില്ല).
2023 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് വെള്ള, നീല കാർഡുകാർക്ക് ആട്ട അനുവദിക്കുന്നത്. ലഭ്യത അനുസരിച്ച് ഒരു കാർഡിന് 1 മുതൽ 2 കിലോ വരെ ആട്ട, കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. എൻപിഐ (NPI) കാർഡുകൾക്ക് പരമാവധി ഒരു കിലോ ആട്ട ലഭിക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലെ മണ്ണെണ്ണ വിഹിതം ഈ മാസം മുതൽ കൈപ്പറ്റാവുന്നതാണ്.
പുതുവർഷത്തോടനുബന്ധിച്ച് ഇന്നും (ജനുവരി 1), മന്നം ജയന്തി പ്രമാണിച്ച് നാളെയും (ജനുവരി 2) സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കും. ജനുവരി മാസത്തെ റേഷൻ വിതരണം ശനിയാഴ്ച (ജനുവരി 3) മുതൽ ആരംഭിക്കും.
What's Your Reaction?

