ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. ഡയാലിസിസ് ചെയ്ത രണ്ട് പേർ മരിച്ചതിന് പിന്നാലെയാണ് ആരോപണം ഉയർന്നത്. കായംകുളം സ്വദേശിയായ മജീദും ഹരിപ്പാട് സ്വദേശി രാമചന്ദ്രനുമാണ് മരിച്ചത്. ഡയാലിസിസിനിടെ വിറയലും ഛർദ്ദിയും ഉണ്ടായ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്.
അണുബാധയെ തുടര്‍ന്നാണ് മരണം എന്നാണ് ആരോപണം ഉയരുന്നത്. പരാതിക്ക് പിന്നാലെ ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ താത്കാലികമായി അടച്ചു. 29 ന് ഡയാലിസിസ് ചെയ്തത് 26 പേരാണ്. ഇതില്‍ 6 പേർക്ക് അസ്വസ്ഥത ഉണ്ടായി എന്നാണ് വിവരം.
രണ്ടു പേർ മരിക്കുകയും ചെയ്തു. ഡയാലിസിസിലുണ്ടായ അണുബാധ കാരണമാണ് മജീദും രാമചന്ദ്രനും മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രിയിൽ നിന്നാണോ പുറത്ത് നിന്ന് എവിടെ നിന്നെങ്കിലുമാണോ രോഗികൾക്ക് അണുബാധ ഉണ്ടായതെന്ന് പരിശോധിക്കുമെന്നാണ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അരുൺ ജേക്കബ് അറിയിച്ചു.
എന്നാൽ നടത്തിയ പരിശോധനയിൽ ഡയാലിസിസ് യൂണിറ്റിൽ നിന്നോ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലോ അണുബാധ കണ്ടെത്താനായില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചത്. അതേസമയം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കോൺഗ്രസ് നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി.