ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ ഒന്‍പത് മുതൽ
അക്കാദമിക് മാസ്റ്റർ പ്ലാനുകൾ മോണിറ്റർ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള ‘ സമഗ്ര പ്ലസ് ’ പോർട്ടൽ ഉപയോഗിക്കേണ്ട രീതി ശില്പശാലയിൽ വിശദീകരിച്ചു

തിരുവനന്തപുരം: മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്കുള്ള ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ ഒന്‍പത് മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിങ് പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടുത്താൻ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല ഹൈസ്‌കൂൾ പ്രഥമാധ്യാപക ശില്പശാലയിൽ വീഡിയോ കോൺഫറൻസിങിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.
അക്കാദമിക് മാസ്റ്റർ പ്ലാനുകൾ മോണിറ്റർ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള ‘ സമഗ്ര പ്ലസ് ’ പോർട്ടൽ ഉപയോഗിക്കേണ്ട രീതി ശില്പശാലയിൽ വിശദീകരിച്ചു. താഴെത്തട്ട് മുതൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമുള്ള സൗകര്യങ്ങളാണ് സമഗ്ര പ്ലസ് പോർട്ടലിൽ ഉള്ളത്.
പോർട്ടലിലൂടെ ടീച്ചർക്ക് ഡിജിറ്റൽ പ്ലാനുകൾ തയ്യാറാക്കി സൂക്ഷിക്കാനും പ്രഥമാധ്യാപകർക്ക് സമർപ്പിക്കാനും കഴിയും. പോർട്ടലിലെ ഡിജിറ്റൽ റിസോഴ്‌സുകൾ 'ലേണിംഗ് റൂം' സംവിധാനം വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താം. സ്‌കീം ഓഫ് വർക്കിനനുസരിച്ചാണോ തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്ന് ടീച്ചർക്ക് സ്വയം വിലയിരുത്താം. നേരത്തെ വിദ്യാഭ്യാസ ഓഫീസർമാർ, പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകർ, ഐ ടി കോർഡിനേറ്റർമാർ, എസ്.ആർ.ജി കൺവീനർമാർ തുടങ്ങിയവർക്ക് കൈറ്റ് പരിശീലനം നൽകിയിരുന്നു.
What's Your Reaction?






